തേക്ക്: വരമോ ശാപമോ
ലക്ഷ്മി, സുനിൽ, അനീഷ്, മാധവൻ എന്നിവരോടൊപ്പം നിലമ്പൂർ കാട്ടിലൂടെ നടത്തിയ ഒരു സഞ്ചാരം, ഏപ്രിൽ 2023
കനോലിയുടെ പ്ലോട്ട്: ലോകത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം
നിലമ്പൂർ പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് 165 വർഷം പഴക്കമുള്ള ഒരു തേക്ക് മരം നിൽക്കുന്ന തോട്ടമുണ്ട്. കനോലിയുടെ പ്ലോട്ട് എന്നറിയപ്പെടുന്ന ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം 1846-ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്. വി. കനോലിയാണ് നിലമ്പൂരിൽ നട്ടുപിടിപ്പിച്ചത്. ഒരു ദശലക്ഷം മരങ്ങളുള്ള ഈ തോട്ടം 607 ഹെക്ടറിൽ (ha) വ്യാപിച്ചുകിടക്കുകയും പ്രതിവർഷം 2000 മരങ്ങൾ നൽകുകയും ചെയ്തിരുന്നു.
തേക്ക് വിത്ത് മുളപ്പിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടർന്ന് 1843-ൽ ചാത്തു മേനോനെ എച്ച്.വി. കനോലി കണ്ടെത്തി. മേനോൻ വികസിപ്പിച്ച തേക്ക് വിത്തുകൾ വിതയ്ക്കുന്നതിന് മുമ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു നഴ്സറിയിൽ ഇലകൾക്കടിയിൽ തൈകൾ വളർത്തുന്ന സവിശേഷമായ രീതി ഇന്ത്യയിലെ ആദ്യത്തെ വിജയകരമായതേക്ക് തോട്ടങ്ങളുടെ തുടക്കമായിരുന്നു.
ബ്രിട്ടനിലേക്ക് തേക്ക് തടി കയറ്റുമതി ചെയ്യുന്നതിനായി ബ്രിട്ടീഷുകാർ തലശ്ശേരി, കൊല്ലം തുടങ്ങിയ തുറമുഖങ്ങളിൽ തടി ഡിപ്പോകൾ സ്ഥാപിച്ചു. 1842-ൽ കേരളത്തിൽ ആദ്യമായി അവർ തേക്ക് തോട്ടം ആരംഭിച്ചതുമുതൽ, നിലവിലുള്ള വനങ്ങളെ ഉയർന്ന മൂല്യമുള്ള തടി അധിഷ്ഠിത വനങ്ങളാക്കി മാറ്റുന്നതിനു വേണ്ടി വിവിധ പദ്ധതികൾ പ്രകാരം ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വനങ്ങളിൽ തേക്ക് തോട്ടങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഇന്ന്, കനോലിയുടെ സ്മരണയ്ക്കായി, വെറും 117 മരങ്ങളുള്ള 2.3 ഹെക്ടറായി ചുരുങ്ങിയ ഒരു സ്ഥിരമായ തേക്ക് സംരക്ഷണ പ്ലോട്ടാണ് കനോലിയുടെ പ്ലോട്ട്.
‘തടികളുടെ രാജാവ്’ എന്നറിയപ്പെടുന്ന തെക്ക്, തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിലാണ് വളരുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാരണം പശ്ചിമഘട്ടത്തിലെ നിലമ്പൂർ വനങ്ങളിലെ മരങ്ങൾ ശ്രദ്ധേയമായ വലിപ്പം കൈവരിക്കുന്നു. 2.5 മീറ്റർ വരെ വ്യാസവും 50 മീറ്റർ വരെ ഉയരവും വയ്ക്കുന്ന ഈ മരങ്ങൾ വിപണിയിൽ വളരെ വിലമതിക്കുന്ന വലിപ്പമുള്ള തേക്ക് തടികൾ നൽകുന്നു. മാത്രമല്ല, നിലമ്പൂർ തേക്ക് അതിൻ്റെ മികച്ച നിറത്താൽ വേറിട്ടുനിൽക്കുന്നു. തേക്ക് മരത്തിൻ്റെ എണ്ണമയമുള്ള തടിയുടെ സമ്പന്നമായ സ്വർണ്ണ-തവിട്ട് നിറം പ്രായത്തിനനുസരിച്ച് ഇരുളുന്നതും വിപണിയിൽ വളരെയധികം ആവശ്യക്കാരുമുള്ള ഒന്നാണ്.
1792-ലെ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തു. വിലപിടിപ്പുള്ള തടികളും തേക്ക്, ആഞ്ഞിലി, റോസ്വുഡ് തുടങ്ങിയ മരങ്ങളുടെ ഇനങ്ങളാലും സമൃദ്ധമായതിനാൽ പശ്ചിമഘട്ടത്തിനോട് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് പ്രത്യേക താല്പര്യമായിരുന്നു. തേക്കിൻ കാടുകൾ വിവേചനരഹിതമായി വെട്ടിമാറ്റുകയും അമിതമായി ചൂഷണം ചെയ്യുകയും ചെയ്തതിലൂടെ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രകൃതി വിഭവങ്ങളുടെ ശേഖരണം, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ നിന്നുള്ള തേക്കിൻ്റെ ശേഖരണം അതിന്റെ പാരമ്യത്തിൽ ആയിരുന്നു. കൊളോണിയൽ ഭരണകൂടം ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും ഉപ്പുവെള്ളത്തിനും അനുയോജ്യമായ തേക്ക് ഇനങ്ങളെ സംരക്ഷിക്കാൻ തുടങ്ങി. തുറമുഖപട്ടണങ്ങളിൽ കയറ്റുമതിക്ക് അനുയോജ്യമായ സാമഗ്രികൾ ഉണ്ടാക്കാനുംകപ്പൽ നിർമ്മാണത്തിനും മലബാർ തേക്ക് ഉപയോഗിച്ചിരുന്നു.
തേക്ക് തോട്ടത്തിലെ മറ്റ് സസ്യങ്ങൾ
“തേക്ക് വിപുലീകരണത്തിൻ്റെ അനന്തരഫലമായി കിഴങ്ങുവിളകളുടെ വളർച്ചയ്ക്ക് സാരമായ തടസ്സം നേരിട്ടത് അതിന്റെ പ്രവർത്തനസാധ്യതയെ പ്രശ്നത്തിലാക്കുന്നു.”
– സുനിലും മാധവനും, 2023
ഒരു തേക്ക് തോട്ടത്തിൽ ധാരാളം മരങ്ങൾ അവയ്ക്കിടയിൽ വെളിച്ചം നിലത്ത് എത്താൻവേണ്ടി മാത്രം മതിയായ ഇടമിട്ട് അടുത്തടുത്ത് നട്ടുപിടിപ്പിക്കുന്നു. വനത്തിൻ്റെ അടിത്തട്ടിലെ വലിയൊരു ഭാഗത്ത് അവ ആധിപത്യം സ്ഥാപിക്കുന്നു. മേൽമണ്ണിൻ്റെ പാളിയിൽ തിരശ്ചീനമായി പടരുന്ന വേരുകൾ തേക്കിൻ്റെ നിലനിൽപ്പ് ഉറപ്പാക്കാൻ മണ്ണിൽ നിന്ന് പോഷകങ്ങളും ഈർപ്പവും കൂടുതലായി വലിക്കുന്നതിനാൽ മറ്റ് സസ്സ്യങ്ങൾക്ക് അതിൻ്റെ ചുറ്റുപാടും വളരാൻ സാധിക്കില്ല.
മറ്റ് മരങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും തേക്ക് തോട്ടത്തിൽ നിന്ന് ക്രമേണ അപ്രത്യക്ഷമാകുന്നതോടുകൂടി അത് പ്രദേശവാസികൾക്കും വന്യജീവികൾക്കും ഉപയോഗശൂന്യമാകുന്നു. കൂടാതെ, തേക്കിൻ്റെ ഇലകളുടെ സാവധാനത്തിലുള്ള വിഘടനം കാരണം അവ വളരെക്കാലം നിലത്ത് അടിഞ്ഞുകൂടുകയും മണ്ണിനുള്ളിൽ ഉയർന്ന താപനില സൃഷ്ടിച്ച് ആ പ്രദേശത്തെ അനാരോഗ്യകരമാക്കുന്നു.
“കാട് തേക്കിൻ തോട്ടമായി മാറിയതിനുശേഷം ഈ പ്രദേശത്ത് ഒരുകാലത്ത് സമൃദ്ധമായിരുന്ന ഔഷധ സസ്യങ്ങളുടെ വ്യാപനം തടസ്സപ്പെട്ടു.”
– സുനിൽ, നെടുങ്കയം വില്ലേജ്, നിലമ്പൂർ, 2023.
വനത്തിലെ ജനങ്ങൾ: ചരിത്രവും ഓർമ്മയും
“ആദിവാസികളായ ഞങ്ങൾ വനം ഭരിച്ചിരുന്നവരാണ്. കാടിനെക്കുറിച്ചുള്ള ഞങ്ങളുടെ അറിവ് അവർ മുതലെടുത്ത് വനം ഭരിക്കാൻ തുടങ്ങി. പതിയെ ബ്രിട്ടീഷുകാർ ഞങ്ങളെ അടിമകളാക്കി.
– മാധവൻ, 2023.
കാടിനുള്ളിൽ ചോലനായ്ക്കർ, കാട്ടുനായ്ക്കർ, പണിയ സമുദായങ്ങൾ തുടങ്ങിയ വിവിധ ഊരുകൾ തമ്മിൽ സഹവർത്തിത്വമുണ്ട്. പുറം ലോകവുമായുള്ള അവരുടെ ഇടപെടലിൻ്റെ തലങ്ങളെ അടിസ്ഥാനമാക്കി ഈ ഊരുകൾക്ക് വ്യത്യസ്തങ്ങളായ കഥകളുമുണ്ട്. ചോലനായ്ക്കർ സമുദായം കാടിൻ്റെ ഏറ്റവും ഉൾഭാഗത്ത് താമസിക്കുമ്പോൾ കാട്ടുനായ്ക്കർ സമുദായം താരതമ്യേനെ അകത്തോട്ടല്ലാത്ത പ്രദേശത്തും പണിയ സമുദായം ടൗണിനോട് ചേർന്നുള്ള വനത്തിലുമാണ് താമസിക്കുന്നത്.
അവയിൽ, നിലമ്പൂർ വനങ്ങളിലെ ‘ചോല’ (നിത്യഹരിത വനം) ‘നായിക്കൻ’ (രാജാവ്) ജനങ്ങൾ ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന ചുരുക്കം ചില വേട്ടയാടൽ സമൂഹങ്ങളിൽ ഉൾപ്പെടുന്നു. ചില ചോലനായ്ക്കർ ഇപ്പോഴും പാരമ്പരാഗതമായ ഗുഹകളിൽ താമസിക്കുന്നു. ഇന്ന് അവരുടെ ഭാഷ കന്നഡ, തമിഴ്, മലയാളം എന്നിവയുടെ മിശ്രിതമാണ്.
കൊളോണിയൽ വരവുകളും പ്രദേശവാസികളും
ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് കാട്ടുനായ്ക്ക, പണിയ ഗോത്രങ്ങളാണ് അവിടെ താമസിച്ചിരുന്നത്. പണിയസമുദായം ഭൂമിയിൽ പണിയെടുക്കുകയും, കാട്ടുനായ്ക്കർ, ചോലനായ്ക്കർ സമുദായങ്ങൾ മൃഗങ്ങളെ വേട്ടയാടുകയും തേനും മറ്റു വന ഉൽപന്നങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു.
ഈ ഭൂമികളെല്ലാം പണ്ട് കോവിലകത്തിൻ്റേതായിരുന്നു. കോവിലകവുമായി ഏറ്റവും നല്ല ബന്ധമുള്ളത് മുതുവാൻ സമുദായത്തിനാണ്. കോവിലകം ഭൂമി ബ്രിട്ടീഷുകാർ ഉപയോഗിച്ചതാണ് സമുദായങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. അതിർത്തിക്ക് പുറത്തുള്ള ആദിവാസികൾക്ക് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ വനത്തിനുള്ളിലെ ആദിവാസി സമൂഹങ്ങൾക്ക് മാത്രമാണ് ബന്ധങ്ങൾ നിലനിർത്താൻ സാധിച്ചത്. വനനിയമങ്ങൾ സ്വതന്ത്ര സഞ്ചാരത്തെ പരിമിതപ്പെടുത്തി സമുദായങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ താറുമാറാക്കി. അടുത്ത ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന വിവിധ സമുദായങ്ങളിലെ മുതിർന്നവർ വീണ്ടും ഒന്നിക്കുന്നതും ഇത് തടഞ്ഞു.
ബന്ധങ്ങൾ തകർക്കുന്നു: ചരിത്രവും ഓർമ്മയും
“എല്ലാതരം മരങ്ങളും ചെടികളും വനത്തിനുള്ളിൽ ഉണ്ട്. തുടക്കത്തിൽ ഇതൊരു തോട്ടമായിരുന്നില്ല. അതൊരു സാധാരണ വനമായിരുന്നു – ചെറുതും വലുതുമായ എല്ലാത്തരം മരങ്ങളും അവിടെ ഉണ്ടായിരുന്നു.
– മാധവൻ, 2023.
നെടുങ്കയം ഫോറസ്റ്റ് പ്ലാൻ്റേഷനിൽ ജോലി ചെയ്യാൻ ബ്രിട്ടീഷുകാർ വിവിധ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ തിരഞ്ഞെടുത്തു. ആനകളെ പിടികൂടി പരിശീലിപ്പിക്കുക എന്നതായിരുന്നു അവരെ ഏൽപ്പിച്ച പ്രാഥമിക ദൗത്യം. തേക്കിന് തൈകൾ നടുക എന്നതായിരുന്നു മറ്റൊരു നിർണായക ചുമതല. ഇത്തരം ജോലികൾ അവരുടെ നിലവിലുള്ള ജീവിതരീതികളെയും ഭക്ഷണ ശീലങ്ങളെയും ദൈനംദിന ചിട്ടകളെയും കാര്യമായി മാറ്റിമറിച്ചു. നെടുങ്കയത്ത് തേക്ക് തോട്ടം സ്ഥാപിക്കുന്നതിന് മുൻമ്പ് തന്നെ ആവാസവ്യവസ്ഥയെ ഒരു തരത്തിലും പരിഗണിക്കാതെ മരങ്ങൾ മുറിച്ചമാറ്റിയിരുന്നു.
തേക്ക് തോട്ടങ്ങളുടെ നടത്തിപ്പിനുവേണ്ടിയുള്ള ഉപകരണങ്ങളായി ആദിവാസി വിഭാഗങ്ങളെ ഉപയോഗിക്കുകയായിരുന്നു. ആദിവാസിവിഭാഗങ്ങൾക്ക് കാർഷിക ആനുകൂല്യങ്ങൾ നൽകാനെന്ന മറവിൽ വനംവകുപ്പ് സ്വാഭാവിക വന പ്രദേശങ്ങൾ വെട്ടിത്തെളിച്ചു. ആദ്യം നിയുക്ത സ്ഥലം വെട്ടിത്തെളിച്ച് തേക്കിൻ തൈകൾ നട്ടുപിടിപ്പിച്ച വനംവകുപ്പ് മൂന്ന് വർഷത്തേക്ക് ഈ പ്ലോട്ടിൽ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്ന് പ്രദേശനിവാസികളെ അറിയിച്ചു. എന്നിരുന്നാലും, ഈ കാലയളവിൻ്റെ അവസാനത്തിൽ, അവർ മറ്റൊരു പ്ലോട്ടിലേക്ക് മറ്റൊരു മൂന്ന് വർഷത്തെ സൈക്കിളിലേക്ക് മാറേണ്ടതുണ്ട്. നാലാം വർഷമായപ്പോഴേക്കും തേക്ക് മരങ്ങൾ ഗണ്യമായി വളർന്നതിനാൽ ഇത്തരത്തിലെ ഷിഫ്റ്റിങ്ങ് കൃഷിരീതി നടപ്പിലാക്കുകയും ചെയ്തു. ഭൂമി എല്ലാവരുടെയും സ്വന്തമായിരുന്നെങ്കിലും വനംവകുപ്പ് ചൂഷണം ചെയ്യുകയാണെന്ന തോന്നലുണ്ടായപ്പോളാണ് പ്രദേശവാസികൾ തങ്ങളുടെ അതൃപ്തി അറിയിച്ചതെന്ന് നിവാസിയായ സുനിൽ പറഞ്ഞു.
വനാതിർത്തിക്ക് പുറത്ത് താമസിച്ചിരുന്ന പണിയ, അറുനാടൻ പോലുള്ള ആദിവാസി സമൂഹങ്ങൾക്ക് പഴയതുപോലെ കാട്ടിലേക്ക് കയറുവാൻ സാധിക്കാതായത് വനത്തിനകത്തും പുറത്തും താമസിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കി. മുതിർന്നവർ നല്ല ബന്ധം പങ്കിട്ടിരുന്നെങ്കിലും വനനിയമങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം അവർക്ക് പരസ്പരം കാണാൻ കഴിയിയാതായി. ഇത് യുവതലമുറ പരസ്പരം അറിയാത്ത അവസ്ഥയിലേക്കും നയിച്ചു.
നിലമ്പൂർ ഫോറസ്റ്റ് ടൈംലൈൻ
"ഈ പ്രദേശത്തെ മരങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും ക്രമേണ അപ്രത്യക്ഷമായി, അവിടം പ്രദേശവാസികൾക്കും വന്യജീവികൾക്കും ഉപയോഗശൂന്യമായിത്തീർന്നു." - സുനിൽ & മാധവൻ.
ഉപജീവനം നിയന്ത്രിക്കൽ: വനം ജോലിയാകുന്നു
1960-കളുടെ അവസാനം വരെ, സമൂഹം മുഖ്യധാരാ നഗര സമൂഹവുമായി കുറഞ്ഞ സമ്പർക്കം പുലർത്തി ഏകാന്ത ജീവിതം നയിച്ചു. തൻ്റെ കമ്മ്യൂണിറ്റിയിൽ ആദ്യമായി പിഎച്ച്‌ഡി നേടിയ വിനോദ് പറയുന്നു,
“ഞങ്ങളുടെ ഭക്ഷണരീതി മാറി; മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പണം ആവശ്യമാണ്. ഞങ്ങൾക്ക് പരിമിതമായ വസ്തുക്കൾ മാത്രമേ ലഭിക്കുന്നുള്ളൂ, ഞങ്ങളുടെ വലിയ കുടുംബം കാരണം അവ പുറത്തു നിന്ന് വാങ്ങണം. പരമ്പരാഗതമായി, വനത്തിലെ ഒരു പ്രത്യേക പ്രദേശത്ത് നിന്ന് വസ്തുക്കൾ ശേഖരിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. എൻ്റെ കുടുംബമായ പാണപ്പുഴയ്ക്ക് പാണപ്പുഴ ഭാഗത്ത് നിന്ന് മാത്രമേ ശേഖരിക്കാൻ കഴിയൂ. മറ്റ് കുടുംബങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്ന് ഞങ്ങൾക്ക് ശേഖരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നത്.”
മുൻപ് ഇവരുടെ പ്രാഥമിക തൊഴിൽ തേൻ ശേഖരണമായിരുന്നു. അത് പിന്നീട് ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, കൂൺ, സസ്യങ്ങളുടെ സ്പെസിമെനുകൾ എന്നിവയുടെ ശേഖരണത്തിലേക്ക് വ്യാപിച്ചു. മാങ്ങ, നെല്ലിക്ക തുടങ്ങിയ ചരക്കുകൾ സംഭരിച്ച് വാണിജ്യാടിസ്ഥാനത്തിൽ വ്യാപാരം നടത്തിയിരുന്നു. മത്സ്യബന്ധനവും മറ്റൊരു പ്രധാന തൊഴിലായിരുന്നു. റെസിൻ തയ്യാറാക്കൽ, റെസിൻ, കുന്തുരിക്കം പോലുള്ള വിലയേറിയ ചരക്കുകളുടെ വ്യാപാരം തുടങ്ങിയവ അക്കാലത്തെ പലതലങ്ങളുള്ള സാമ്പത്തിക പ്രവർത്തികളിലേക്ക് ചേർക്കപ്പെട്ടു. അതേ സമയം, മുള പോലുള്ള പരമ്പരാഗത സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമ്മാണ മേഖല ഒരു പ്രബലമായ തൊഴിലായി ഉയർന്നുവന്നു.
കാട്ടിലെ ഇന്നത്തെ ജീവിതം
കാലക്രമേണ വീട് നിർമ്മാണത്തിൽ ഇഷ്ടികയ്ക്കും സിമൻ്റിനും മുൻഗണന നൽകുവാൻ തുടങ്ങിയത് ആത്യന്തികമായി പരമ്പരാഗത നിർമ്മാണ രീതികളിലെ പ്രാവീണ്യം കുറയുന്നതിലേക്ക് നയിച്ചത് ഖേദകരമാണ്.
“കാലക്രമേണ വീട് നിർമ്മാണത്തിൽ ഇഷ്ടികയ്ക്കും സിമൻ്റിനും മുൻഗണന നൽകുവാൻ തുടങ്ങിയത് ആത്യന്തികമായി പരമ്പരാഗത നിർമ്മാണ രീതികളിലെ പ്രാവീണ്യം കുറയുന്നതിലേക്ക് നയിച്ചത് ഖേദകരമാണ്”.
– സുനിൽ, 2023
വളർന്നുകൊണ്ടിരിക്കുന്ന ഈ പ്രവണതയുടെ ഒരു സ്പഷ്ടമായ അനന്തരഫലം വനത്തെ അടിസ്ഥാനമാക്കി വരുമാനം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ക്രമാനുഗതമായ അവഗണനയാണ്. ഇത് അത്തരം അമൂല്യമായ സമ്പ്രദായങ്ങളുമായി പരിചയം ക്ഷയിക്കുന്ന ഒരു യുഗത്തിലേക്ക് നയിക്കുന്നു.
വനവിഭവങ്ങളുടെ ലഭ്യതയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉണ്ടായ കുറവ് ആളുകൾക്കിടയിൽ തൊഴിൽ രീതിയിലെ ഗണ്യമായ മാറ്റത്തിന് പ്രേരണയായി. നെടുങ്കയം, മുണ്ടക്കടവ്, പുളിമുണ്ട ഊരു എന്നിവിടങ്ങളിലുള്ളവർ പ്രധാനമായും ചുമട്ട് ജോലികളിൽ ഏർപ്പെടാൻ തുടങ്ങി. ഇവരിൽ ഭൂരിഭാഗം പേരും ലേബർ യൂണിയനുകളുമായി ബന്ധമുള്ളവരും തേക്ക് തോട്ടം പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ വളരെയധികം ആശ്രയിക്കുന്നവരുമാണെന്നത് ശ്രദ്ധേയമാണ്. മരങ്ങൾ കയറുക, കുറ്റിച്ചെടികൾ വൃത്തിയാക്കുക, വനത്തിൻ്റെ പരിധിക്കുള്ളിൽ ഫയർ ലൈൻ ഡ്യൂട്ടി കൈകാര്യം ചെയ്യുക എന്നിവയായിരുന്നു അവരുടെ ദൈനംദിന ഉത്തരവാദിത്തങ്ങൾ.
കാട്ടിലെ ഇന്നത്തെ ജീവിതം: പരസ്പര ബന്ധങ്ങൾ
“ഞങ്ങൾ ഓണവും വിഷുവും ആഘോഷിക്കാറില്ല. അതെല്ലാം പുതിയ ആഘോഷങ്ങളാണ്. ഓരോ ഗോത്രത്തിനും (സമൂഹത്തിനും) വാർഷിക ആഘോഷം (വാർഷിക ഉത്സവം) ഉണ്ടായിരിക്കും. മിക്ക ആഘോഷങ്ങളും വനത്തിൽ നിന്നുള്ള സാധനങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ടതാണ്. പ്രാർത്ഥനയ്ക്ക് ശേഷം മാത്രമേ ഞങ്ങൾ ശേഖരണത്തിന് പുറപ്പെടുകയുള്ളൂ. ഒരു ദൈവമുണ്ടെന്ന് എല്ലാവർക്കും അറിയാം. ആ ദൈവം എന്താണെന്നോ ആരാണെന്നോ നമുക്കറിയില്ല. ഈ ദൈവത്തെ ഞങ്ങൾ പ്രകൃതിയായി സങ്കൽപ്പിക്കുന്നു,”
– അനീഷ് , 2023
“പണിയർ, മുതുവാൻ, കാട്ടുനായ്കർ എന്നിവർക്കെല്ലാം അവരവരുടെ പ്രാർഥനയുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഈ പൂജകളെല്ലാം നടക്കുന്നത്. പണിയ ഉത്സവമാണെങ്കിൽ നായ്ക്കൻമാരിലെ മൂപ്പനെ ക്ഷണിക്കും. അതുപോലെ പണിയ മൂപ്പനെയും നായ്ക്കന്മാർ ക്ഷണിക്കും. അത്തരം ക്ഷണങ്ങൾ പരസ്പര ബഹുമാനം കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്. അത് എല്ലായ്‌പ്പോഴും അങ്ങനെയാണ്, ഇപ്പോഴും അങ്ങനെ തന്നേതുടരുന്നു. ഞങ്ങൾ തേനോ മറ്റ് കിഴങ്ങുകളോ ശേഖരിക്കുമ്പോൾവിളവെടുപ്പ് ഉൽസവങ്ങൾനടത്തപ്പെടുന്നു.”
തേൻ ശേഖരിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്മി പറഞ്ഞു:
“ഞങ്ങൾ തേൻ ശേഖരിക്കുമ്പോൾ, വെറ്റിലയും അടക്കയും വച്ച് പ്രാർത്ഥിക്കും. കഴിക്കുന്നതിന് മുമ്പ് ദൈവങ്ങൾക്ക് സമർപ്പിക്കുന്ന ഇതിനെ ‘മലക്ക് കൊടുക്കുക’ എന്ന് വിളിക്കുന്നു. നമ്മൾ ആദ്യം ദൈവങ്ങൾക്ക് നൽകിയില്ലെങ്കിൽ, എന്തെങ്കിലും അപകടം സംഭവിക്കാം. തേൻ ശേഖരിക്കുന്നത് രാത്രിയായതിനാൽ വളരെ അപകടകരമായ പണിയാണ്. അത് ചെയ്യുന്നതിനുമുന്പ് പ്രാർഥന ഞങ്ങൾക്ക് ആവശ്യമാണ്.”
ഈ യാത്രയിൽ ഗവേഷകരോട് സംസാരിച്ച തദ്ദേശവാസികൾ പൂർവ്വികരുടെ നിർബന്ധിത നാടുകടത്തൽ കാരണം സ്വന്തം നാട്ടിലെ ബന്ധുക്കളുമായി ബന്ധം വേർപെട്ടുപോയ ആഫ്രിക്കൻ വംശജരുമായി സ്വയം താരതമ്യം ചെയ്യുന്നു.
വനത്തിനുള്ളിൽ താമസിക്കുന്ന ആളുകൾക്ക് 1970-കളിലെ ഫോറസ്റ്റ് ആക്റ്റ് പ്രകാരം പട്ടയം നൽകിയിരുന്നു – 2, 3, അല്ലെങ്കിൽ പരമാവധി 5 സെൻ്റ്. ഇത് വീട് പണിയുന്നതിന് അപര്യാപ്തമാണ്.
“ഞങ്ങൾ വനത്തിന് പുറത്തുള്ള കൂലിപ്പണി (ദിവസ കൂലി) പോലെയുള്ള ജോലിയെ ആശ്രയിക്കുന്നു. ചെറുപ്പക്കാർക്ക് കാടിന്റെ രീതികൾ അറിയില്ല. ഉപജീവനത്തിന് കാട്ടിൽ നിന്ന് വേണ്ടത്ര സാധനങ്ങൾ കിട്ടാത്തതിനാൽ ഞങ്ങൾ കാടിനെ മാത്രം ആശ്രയിച്ച് നില്ക്കാതെ പുറത്തേക്ക് പോകുന്നു.”
മരങ്ങൾ കാണുന്നു, കാട് മറക്കുന്നു: സമ്മിശ്ര വികാരങ്ങൾ ഉണർത്തുന്ന GI സ്റ്റാറ്റസ്
2023-ൽ ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റും വിവിധ എൻജിഒകളും നടത്തിയ സംയുക്ത ശ്രമങ്ങളുടെ ഫലമായി നിലമ്പൂർ തേക്കിന് GI (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ) പദവി ലഭിച്ചു.
ഇന്ത്യയിൽ നിന്ന് GI ടാഗുള്ള ഉൽപന്നങ്ങളുടെ പട്ടികയിലേക്ക് ഒരു വനോൽപ്പന്നം ആദ്യമായി ചേർത്തത് നിലമ്പൂരിലെ വനങ്ങളിൽ തേക്ക് ചെലുത്തിയ സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു.
തേക്കിൻ്റെ GI ടാഗിംഗിലൂടെ കിട്ടിയ ആഗോളശ്രദ്ധ നിലമ്പൂർ കാടുകളെ അതിന്റെ ഇന്നത്തെ സ്ഥിതിയിൽ തന്നെ തുടരാൻ അനുവദിക്കുമോ, അതോ കേരളത്തിൽ മറ്റ് പലയിടങ്ങളിലും റബ്ബറിന് സംഭവിച്ചപോലെ വനത്തെ ഒരു തോട്ടമാക്കി മാറ്റുമോ?
അതോ, ലോകത്തിൻ്റെ ഈ കോണിലുള്ള ആളുകളുടെയും ചരിത്രങ്ങളുടെയും പ്രാദേശിക പരിസ്ഥിതിയുടെയും ഓർമപ്പെടുത്തലാകാനും ജീവിതവും ഭാവിയും കൂട്ടിയിണങ്ങിയ മരങ്ങളും ജനങ്ങളും എങ്ങനെ സഹവർത്തിത്വത്തോടെ ജീവിക്കുന്നു എന്ന് വിവരിക്കാനും ഇതിന് കഴിയുമോ?
ആരുടെതാണീ കാട്?
കുറഞ്ഞ ജോലിയും അപകടകരമായ ജീവിതവുമുള്ള വനവാസിയുടേതല്ല
വേട്ടയാടി കൊന്നു മറന്ന മൃഗങ്ങളുടേതല്ല
അതോ, വനം പാലിക്കാതെ അവിടെ തോട്ടമുടമയാകുന്ന സർക്കാരിന്റെയാണോ?